വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പെറ്റ് ഹെഗ്സെത്തും ഏറ്റുമുട്ടിയതായി റിപ്പോർട്ട്. സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങളുടെയും മിസൈലുകളുടെയും ശേഖരം പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ തീർന്നതാണ് ഇരുവരെയും ചൊടിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കാബിനറ്റ് യോഗത്തിനിടയിലാണ് ഈ വാക്കുതർക്കമുണ്ടായത്.
ആയുധക്ഷാമം പരിഹരിച്ചുകഴിഞ്ഞിരുന്നു എന്നാണ് താൻ കരുതിയിരുന്നതെന്ന് ട്രംപ് ഹെഗ്സെത്തിനോട് ദേഷ്യത്തോടെ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. അതേസമയം ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് പ്രധാന മിസൈലുകളുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങളുടെയും കുറവ് അമേരിക്കയുടെ സൈനിക നീക്കങ്ങളെ പരിമിതപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്.
ദൂരപരിധി കൂടിയ ഗൈഡഡ് മിസൈലുകൾ, വ്യോമ പ്രതിരോധ ഇന്റർസെപ്റ്ററുകൾ എന്നിവയുടെ സ്റ്റോക്കാണ് കുറഞ്ഞത്. ഇറാനുമായുള്ള പോരാട്ടം കടുത്തതോടെ ഇവ വൻതോതിൽ ഉപയോഗിച്ചിരുന്നു. ആയുധശേഖരം കുറഞ്ഞതും ഇറാനുമായുള്ള വലിയൊരു ആക്രമണത്തിൽ നിന്ന് ട്രംപ് പിന്മാറാൻ കാരണമായതായി ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിന് അനുമതി നൽകിയിരുന്നുവെങ്കിലും ഹോർമുസ് കടലിടുക്കിലെ ചർച്ചകൾക്ക് ഒരവസരം കൂടി നൽകാൻ വേണ്ടി താൻ അത് പിന്നീട് റദ്ദാക്കുകയായിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു. അതേസമയം അമേരിക്കയുടെ കൈവശം ഇപ്പോഴും വൻതോതിൽ ആയുധങ്ങളുണ്ടെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അവകാശപ്പെട്ടു.
തനിക്ക് പൂർണമായ വിവരങ്ങൾ നൽകാത്തതിൽ പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത്, ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി സ്റ്റീഫൻ ഫെയിൻബർഗിനെയും പ്രസിഡന്റ് വിമർശിച്ചു. എന്നാൽ നിലവിലെ ആയുധക്ഷാമം പരിഹരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.